കാനഡ: “ദൗത്യമാവുക, സഭയെ പടുത്തുയർത്തുക” (Be a Mission and Build the Church) എന്ന മുഖ്യപ്രമേയത്തെ അടിസ്ഥാനമാക്കി 2023 നവംബർ 9 മുതൽ 12 വരെ കാനഡയിലെ ഒന്റാരിയോ പ്രോവിൻസിലെ ഓറഞ്ച്വില്ലയിലുള്ള വാലി ഓഫ് മദർ ഓഫ് ഗോഡ് സെന്ററിൽ വച്ച് നടത്തിയ മിസ്സിസ്സാഗാ രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലിയ്ക്ക് സമാപനമായി. ദൈവത്തിന്റെ അതിരറ്റ സ്നേഹപദ്ധതിയുടെ ഭാഗമായി രൂപമെടുത്ത മിസ്സിസ്സാഗാ രൂപതയുടെ എട്ടാം വാർഷികത്തിന്റെയും 2024 ആഗസ്റ്റ് മാസം നടക്കാനിരിക്കുന്ന മേജർ ആർക്കി എപ്പിസ്ക്കോപ്പൽ അസംബ്ളിയുടെയും പശ്ചാത്തലത്തിലാണ് പ്രഥമ എപ്പാർക്കിയൽ അസംബ്ലി നടത്തപ്പെട്ടത്. അസംബ്ലിയുടെ ഉദ്ഘാടനം നവംബർ 10-ാം തീയതി ഹാമിൽട്ടൺ രൂപതാദ്ധ്യക്ഷനും കാനഡ കത്തോലിക്കാമെത്രാൻ സമിതിയുടെ സുവിശേഷവത്കരണം & വിശ്വാസപരിശീലനം കമ്മീഷൻ പ്രസിഡന്റുമായ മോസ്റ്റ് റവ. ഡഗ്ളസ്സ് ക്രോസ്ബി നിർവ്വഹിച്ചു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് കർദിനാൾ ആലഞ്ചേരി തന്റെ വീഡിയോ സന്ദേശത്തിലൂടെ അസംബ്ലിക്ക് പ്രാർത്ഥനാശംസകൾ അർപ്പിച്ചു. ദൈവജനത്തെ പടുത്തുയർത്താനാവശ്യമായ പദ്ധതികളുടെ രൂപീകരണമാണ് അസംബ്ലിയുടെ ലക്ഷ്യമെന്ന് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ മിസ്സിസ്സാഗാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
അസംബ്ളിയിൽ രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അൽമായസംഘടനാപ്രതിനിധികളും ഉൾപ്പെടെ എഴുപത്തഞ്ച് പ്രതിനിധികൾ പങ്കെടുത്തു. സീറോമലബാർസഭയുടെ തനിമയും ദൗത്യവും, കുടുംബങ്ങളുടെ ദൗത്യം: സാക്ഷ്യജീവിതവും വിശ്വാസകൈമാറ്റവും, യുവജനങ്ങളുടെ പ്രേക്ഷിതദൗത്യം, വിശ്വാസരൂപീകരണം: കാലോചിതമായി സഭയെ പടുത്തുയർത്തുക, രൂപതയുടെ സ്വയംപര്യാപ്തതയിലേക്കുള്ള വളർച്ചയും വെല്ലുവിളികളും, ആധുനീകസമ്പർക്ക മാധ്യമങ്ങളിലൂടെയുള്ള പ്രേഷിതദൗത്യം, ദൈവവിളിപ്രോത്സാഹനം, സാമൂഹ്യസേവന മേഖലകൾ എന്നീ വിഷയങ്ങളെ ആധാരമാക്കി തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി മെത്രാപ്പോലീത്താ, ടൊറന്റോ യുക്രേനിയൻ രൂപതാദ്ധ്യക്ഷൻ മോസ്റ്റ് റവ. ബ്രയൻ ബൈഡ, റവ. ഫാ. തോമസ് വെന്മാന്തറ, റവ. ഫാ. ഡാരിസ് ചെറിയാൻ മൂലയിൽ, ശ്രീ. ജോൺ ജോയി, ശ്രീമതി. മേരി ജോസ്, ഡോ. ആൻ എബ്രാഹം, ശ്രീ. ജോസ് വർഗ്ഗീസ്, ശ്രീ. ജോളി ജോസഫ്, ശ്രീ. സന്തോഷ് മാത്യു, അഡ്വ. ബിന്നി ജോസഫ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ. ഫാ. ബോബി ജോയി മുട്ടത്ത് വാളായിൽ, റവ. ഫാ. ജോർജ്ജ് ജോസഫ് ചങ്ങനാംതുണ്ടത്തിൽ, റവ. ഫാ. അഗസ്റ്റിൻ കല്ലിങ്കത്തറയിൽ, റവ. ഫാ. ജേക്കബ് എടക്കളത്തൂർ, ശ്രീ. ബെന്നി അഗസ്റ്റിൻ, ശ്രീ. ജോൺ ചേന്നോത്ത് എന്നിവർ വിവിധ സെഷനുകളുടെ മോഡറേറ്റർമാരായി. മിസ്സ്. മരിയവിയാൻ കളപ്പുരയിൽ, ശ്രീ. ഡൊമിനിക് ജോസഫ്, ശ്രീ. വർഗ്ഗീസ് പാറേക്കാട്ടിൽ, ശ്രീമതി. ഉഷസ്സി സിബി, ശ്രീ. സന്തോഷ് ജോർജ്ജ്, ശ്രീ. ജോൺ കുരുവിള, ശ്രീമതി. ലീന ജോയി കുഞ്ചെറിയ, ശ്രീ. സാബു മാത്യു പള്ളിയ്ക്കാപറമ്പിൽ, റവ. സി. പ്രസന്ന തട്ടിൽ CHF, റവ. ഫാ. ബൈജു ചാക്കേരി, റവ. ഫാ. ടോമി ചിറ്റിനപ്പിള്ളി, റവ. ഫാ. ടെൻസൺ പോൾ, ശ്രീ. സാബു ജോർജ്ജ്, ശ്രീ. രാജു ഡേവിസ് പൈനാടത്ത് എന്നിവർ പ്രസംഗിച്ചു.
അസംബ്ലി അംഗങ്ങളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് ആറു സെഷനുകളിലായി നടന്ന ചർച്ചകളിൽ പ്രവർത്തനമാർഗ്ഗരേഖയുടെയും പ്രബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ രൂപതയുടെ വളർച്ചയെ വിലയിരുത്തുകയും ഭാവി അജപാലന കർമ്മപദ്ധതികൾ രൂപീകരിക്കുകയും ചെയ്തു. അസംബ്ലിദിനങ്ങളിൽ സെന്റ് അൽഫോൻസാ കത്തീഡ്രൽ മിസ്സിസ്സാഗാ, സെന്റ് തോമസ് സ്കാർബ്രോ, സെന്റ് ജോസഫ് ഓഷാവാ, സേക്രട്ട് ഹാർട്ട് ക്നാനായ ലണ്ടൻ, സെന്റ് മേരീസ് ലണ്ടൻ, സെന്റ് അൽഫോൻസാ കേംബ്രിഡ്ജ് എന്നീ ഇടവകകളിൽ നിന്ന് അവതരിപ്പിച്ച കലാപരിപാടികൾ ഏവരുടെയും മുക്തകണ്ഠമായ പ്രശംസ നേടി.
സമാപന സമ്മേളനത്തിൽ കാനഡയിലെ വത്തിക്കാൻ സ്ഥാനപതി മോസ്റ്റ് റവ. ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് മുഖ്യാതിഥിയായിരുന്നു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വിഭാവനം ചെയ്യുന്ന സിനഡാത്മകസഭയ്ക്ക് ഊർജ്ജം പകരാൻ മിസ്സിസ്സാഗാ എപ്പാർക്കിയൽ അസംബ്ലി സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രൂപതയുടെ വരുംകാല അജപാലനപ്രവർത്തനങ്ങൾക്കുതകുന്ന പതിനാലിന നിർദ്ദേശങ്ങൾ അസംബ്ലി അംഗങ്ങളെ പ്രതിനിധീകരിച്ച് ജനറൽ കൺവീനർ റവ. ഫാ. പത്രോസ് ചമ്പക്കരയും കൺവീനർ റവ. ഫാ. അഗസ്റ്റിൻ കല്ലിങ്കത്തറയിലും മിസ്സിസ്സാഗാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലുവേലിൽ പിതാവിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. പ്രസ്തുത നിർദ്ദേശങ്ങൾ രൂപതയുടെ ബന്ധപ്പെട്ട നൈയാമികസമിതികളിൽ അവതരിപ്പിച്ച് സമയബന്ധിതമായി നടപ്പിൽ വരുത്തുന്നതാണെന്ന് അഭിവന്ദ്യ പിതാവ് അസംബ്ലിയെ അറിയിച്ചു.